Tuesday, December 12, 2006

ആദ്യാക്ഷരങ്ങള്‍

തുടക്കം

"അമ്മയെന്നാദ്യമെഴുതണം പൈതലേ
നന്‌മതന്‍ നറുനിലാവാകണം നീ.
അച്‌ഛനെന്നോതിപ്പഠിക്കണം
നിത്യമാംസ്‌നേഹനഭസ്‌സിനെ കണ്ടുണരാന്‍."


എന്റെ വീട്‌

മലയാളമെന്റെ നാടെന്റെ നാട്‌, അതില്‍
പുലരേണമെന്റെ വീടെന്റെ വീട്‌.
മാനം തെളിഞ്ഞും മുകില്‍ കറുത്തും
നീലവാനിന്റെ കുടചൂടുമെന്റെ വീട്‌.

പകല്‍ വന്ന് വാതില്‍ തുറന്നീടണം
പിന്നെ രാത്രിയാ വിരല്‍ കൊണ്ട്‌ താഴിടേണം.
മുറ്റത്ത്‌ പൂക്കള്‍ ചിരിച്ചിടേണം, മര-
ക്കൊമ്പത്തൊരൂഞ്ഞാല്‌ തൂങ്ങിടേണം.

പ്രാവും കുരുവിയും പാടുന്ന മൈനയും
പുലരിയില്‍ കണിതന്ന്‌ പോയിടേണം.
കാക്കയും കോഴിയും ചൊല്ലുകള്‍ പഠിക്കുന്ന
ചേലുള്ള ലോകമാണെന്റെ വീട്‌.

മാവിന്റെ ചോട്ടിലെ തളിര്‍മെത്തതോറുമാ
പാണന്റെ തുടി കേട്ടുനിന്നിടേണം.
ഒരു നാണയത്തിനായ്‌ നീളുന്ന കൈയിലൊരു
നിറനാണ്യമായി ചിരിച്ചിടേണം.

അച്ചനുമമ്മയും ഞങ്ങളും ചേര്‍ന്നുള്ള
സ്വച്‌ഛന്ദ ലാവണ്യമെന്റെ വീട്‌.
പൂച്ചക്കുറിഞ്ഞിയും മക്കളും, കാവലായ്‌-
കുട്ടനുമുള്ളൊരു കൊച്ചു വീട്‌.

ആരും മടിക്കാതെ വാതില്‍ തുറന്നുവ-
ന്നാതിഥ്യമുണ്ണുന്ന കരുണവീട്‌.
ഏത്‌ വഴിപോക്കനും ദാഹനീരേകുന്ന
വഴിയമ്പലമെന്റെ നല്ല വീട്‌.

000

3 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കൂട്ടരേ, 'ഓണത്തുമ്പി' പറന്നു തുടങ്ങി. ചിലര്‍ക്കൊക്കെ ഇ-മെയ്‌ല്‍ അയച്ചിട്ടുണ്ട്‌, ഇതില്‍ പങ്കു ചേരാന്‍. കുട്ടികള്‍ക്കും, അവരുടെ മനസ്സറിയുന്നവര്‍ക്കും വേണ്ടിയുള്ള ഈ ശ്രമം നിങ്ങളുടെ സംഭാവനയാല്‍ സമ്പന്നമാക്കുക. ചെറിയ കഥകള്‍, കുഞ്ഞിക്കവിതകള്‍, കടങ്കവിതകള്‍, വിജ്ഞാനപ്രദമായ കുറിപ്പുകള്‍ അങ്ങനെ നമ്മുടെ സംസ്കാരവുമായി ബന്ധമുള്ളതെന്തും ഇവിടെ ആവാം.

http://onathumpi.blogspot.com

വിഷ്ണു പ്രസാദ് said...

കവിതകളും ടെമ്പ്ലേറ്റും കലക്കി.ഒരാശ കൂടി. നമ്മുടെ ബൂലോകത്ത് എത്ര കഴിവുള്ള ചിത്രകാരന്മാരും പടം പിടുത്തക്കാരും ഉണ്ട്.അവര്‍ കൂടി സഹകരിച്ചാല്‍ സചിത്ര കഥകളും കവിതകളും ലേഖനങ്ങളും ഉണ്ടാവും. അത് കുട്ടികള്‍ക്ക് കൂടുതല്‍ സംവേദനക്ഷമമാവും.താങ്കളുടെ ക്ഷണം ഞാന്‍ സ്വീകരിച്ചിട്ടുണ്ട്.

മന്‍സുര്‍ said...

YES SHIVA.....

EXCELLENT JOB
KEEP IT UP

REGARDS
CALLMEHELLO
MANSOOR,NILAMBUR